ശ്രേഷ്ഠവും ദുര്‍ലഭവുമായ മനുഷ്യജന്മം നമുക്ക് ലഭിക്കാനിടയായ പിതൃപരമ്പരയോടുള്ള ഋണത്തില്‍ നിന്നും മോചനം നേടാനും അവരുടെ അനുഗ്രഹാശിസുകള്ക് പിതൃ ഭൂതരാകുവാനും അവരുടെ ആത്മാക്കളെ ഭഗവത് പാദത്തില്‍ ലയിപ്പിച് മുക്തി നല്കുവാനും ആചാര്യന്മാര് വിധിച്ചതാണ് പിതൃബലിക്രിയ. നമ്മുടെ എല്ലാവരുടേയും ഉള്ളില്‍ പൂര്‍വികരുടെ ചൈതന്യമുണ്ട്. സത്യത്തില്‍ മരിക്കാത്ത ആ ചൈതന്യത്തിനു വേണ്ടിയാണ് നാം ബലി ഇടുന്നത്. അതായത് മരിച്ചു പോയവര്‍ക്ക് വേണ്ടിയല്ല മറിച്ച് തന്റെ ഉള്ളിലെ ചൈതന്യത്തിനു വേണ്ടി ചെയ്യുന്നതാണ് ബലിതര്പ്പണമെന്നാണ് തന്ത്രശാസ്ത്രം പറയുന്നത്.
മനുഷ്യന് ചെയ്യേണ്ട പഞ്ച മഹായജ്ഞങ്ങളില്‍ ഒന്നായാണ് പിതൃ യജ്ഞമായ ബലിതര്‍പ്പണത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മശരീരത്തെ പ്രീതിപ്പെടുത്താനാണ് മുന്‍ തലമുറയിലെ നാല് പേര്‍ക്ക് ശ്രാദ്ധവും തര്‍പ്പണവും നടത്തുന്നത്. ഇത് ദീര്‍ഘായുസ്സും ആരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. ഗരുഢ പുരാണത്തില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.
ദക്ഷിണായനം പിതൃക്കള്‍ക്കും ഉത്തരായനം ദേവന്മാര്ക്കും ഉള്ളതാണെന്ന് ശാസ്ത്രം. ജനുവരി 14 മുതല്‍ ആറ് മാസം ഉത്തരായനവും ശേഷം ദക്ഷിണായനവും ആണ്. ദക്ഷിണായനത്തില്‍ മരിക്കുന്നവരാണ് പിതൃലോകത്തില്‍ പോകുന്നത്. ഇതിന്റെ കറുത്തപക്ഷത്തില്‍ പിതൃക്കള്‍ ഉണരുന്നു. ഭൂമിയിലെ ഒരു മാസം അവര്‍ക്ക് ഒരു ദിവസം ആകുന്നു. ഇങ്ങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം. പന്ത്രണ്ട് ദിവസത്തിലൊരിക്കല്‍, ഭൂമിയില്‍ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങള്‍ പിതൃക്കള്‍ക്ക് അന്നം എത്തിച്ച് കൊടുക്കണം.
ഇതാണ് വാവുബലി. വാവുബലി മുടക്കുന്നവരോട് പിതൃക്കള്‍ കോപിക്കുന്നു എന്നാണ് മറ്റൊരു വിശ്വാസം. പിതൃ ലോകത്ത് വസു, രുദ്ര, ആദിത്യ എന്നീ മൂന്ന് തരം ദേവതകള്‍ ഉണ്ട്. ഇവര്‍ തര്‍പ്പണങ്ങള്‍ സ്വീകരിച്ച് അത് അതാത് പിതൃക്കള്‍ക്കെത്തിക്കുകയും അത് സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രക്കിടയില്‍ അവര്‍ക്ക് പാഥേയം ആയി ഭവിക്കുകയും ചെയ്യുന്നു. തര്‍പ്പണം ആണ് പിതൃക്കള്‍ക്കുള്ള ഏക ഭക്ഷണം എന്നും അത് കിട്ടാഞ്ഞാല്‍ പിതൃക്കള്‍ മറ്റു ജന്മമെടുക്കുമെന്നും അവരുടെ ശാപം വരൂം തലമുറകളെ ബാധിക്കുമെന്നും വിശ്വസിക്കുന്നു. തര്‍പ്പണം ചെയ്യുന്ന ആള് തലേ ദിവസം മുതല്‍ ശരിരം പരിശുദ്ധമാക്കേണ്ടതുണ്ട്. ലൗകിക ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞ് നില്കുകയും ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യണം. അടുത്ത ദിവസം ചന്ദ്രനുദിക്കുന്നതിനു മുന്നായിട്ടാണ് തര്‍പ്പണം ചെയ്യേണ്ടത്. ആണുങ്ങള് മാത്രമേ തര്‍പ്പണം ചെയ്യാന്‍ പാടുള്ളൂ എന്നും ആണ് സന്താനത്തിലൂടെയാണ് പിതാവിന് മോക്ഷം കിട്ടൂ എന്നാണ് വിശ്വാസം.
മണ്മറഞ്ഞ പിതൃക്കളുടെ മോക്ഷത്തിന് പൂവും അരിയും ജലവും ഒരു തുള്ളി കണ്ണീരും ചേര്‍ത്ത് തര്‍പ്പണം ചെയ്യുക എന്നത് ഹിന്ദു ജീവിത പദ്ധതിയുടെ ഭാഗം തന്നെയാണ്. വാവ് ദിവസം ആത്മാക്കള്‍ അവരവരുടെ വീട് സന്ദര്‍ശിക്കുമെന്നും വിശ്വസമുണ്ട്. ആ സങ്കല്‍പ്പത്തില്‍ അവര്‍ക്കുള്ള ഭക്ഷണമായാണ് വാവട ഉണ്ടാക്കുന്നത്.