പന്ത്രണ്ട് രാശികള്‍ പടിഞ്ഞാറോട്ട് സദാ കറങ്ങുന്നുവെന്നും പകല്‍ മുപ്പതു നാഴിക കൊണ്ട് ആറും, രാത്രി മുപ്പതുനാഴിക കൊണ്ട് ബാക്കി ആറും ദിവസേന ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുവെന്നാണു ജ്യോതിശാസ്ത്രം പറയുന്നത്. മേല്‍പ്പറഞ്ഞ കണക്കനുസരിച്ച് ഓരോരാശിയും ഉദിച്ചുവരുന്നതിനു ശരാശരി അഞ്ചുനാഴിക സമയമാണു വേണ്ടിവരിക. ചില രാശികള്‍ക്ക് സമയവ്യത്യാസങ്ങളുണ്ട്. രാശികളെ വ്യക്തമായി കാണുക സാധ്യമല്ലെങ്കിലും അതില്കൂടി സഞ്ചരിക്കുന്ന ഗ്രഹങ്ങളെകൊണ്ടും രാശികളില് സ്ഥിരമായി നില്ക്കുന്ന അശ്വതി തുടങ്ങിയിട്ടുള്ള നക്ഷത്രങ്ങളെക്കൊണ്ടും അതാതു സമയം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന രാശികളെ നമുക്ക് തിരിച്ചറിയാനാകും. എല്ലാ ഗ്രഹങ്ങളും രാശിചക്രത്തില്കൂടി കിഴക്കോട്ട് സദാ പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ സൂര്യന് കിഴക്കോട്ട് സഞ്ചരിച്ച് ഒരു രാശിയെ കടക്കുന്നതിനകം രാശിചക്രം മുപ്പതു പ്രാവശ്യം കറങ്ങുന്നു. ഈ ക്രമമനുസരിച്ച് സൂര്യന് ഒരു രാശിയില്‍നിന്നു മറ്റൊരു രാശിയില്‍ കടക്കുന്നതിനുമുന്പായി മുപ്പതു ഉദയവും മുപ്പത് അസ്തമയവും ഉണ്ടാകും. ഈ മുപ്പതുദിവസം ആദിത്യന് ഏതുരാശിയില്‍ നില്‍ക്കുമ്പോഴാണോ ഉണ്ടാകുന്നത് ആ രാശിയുടെ പേരുകൊണ്ടാണു മാസത്തെ കണ്ടെത്തുന്നത്. ഉദാഹരണമായി ആദിത്യന് മേടം രാശിയില്‍ സഞ്ചരിക്കുന്ന കാലത്തിനു മേടമാസം എന്നും, ഒരു രാശിയില്‍നിന്നു മറ്റൊരു രാശിയിലേക്കു കടക്കുന്ന സമയത്തിനു സൂര്യസംക്രമണമെന്നും പറയുന്നു.
രാശിരൂപങ്ങള്‍
ജ്യോതിചക്രത്തിന്റെ മേടം, ഇടവം, മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ പന്ത്രണ്ട് രാശികളാണ് ഉള്ളത്. മേടം രാശി ആടിന്റെ ആകൃതിയിലും, ഇടവം കാളയുടെ ആകൃതിയിലും, മിഥുനം ഗദാധാരിയായ പുരുഷനും വീണാധാരിണിയായ ഒരു സ്ത്രീയും ദമ്പതിമാരായി നില്ക്കുന്നതുപോലെയുള്ള ആകൃതിയിലും, കര്‍ക്കടകം ഞണ്ടിന്റെ ആകൃതിയിലും, ചിങ്ങം സിഹത്തിന്റെയും ആകൃതിയിലും, കന്നി ഒരു കയ്യില്‍ തീയും മറുകയ്യില്‍ നെല്‍ക്കതിരും ധരിച്ച് ഒരു തോണിയില്‍ സഞ്ചരിക്കുന്ന സ്ത്രീയെപ്പോലെയും, തുലാം ത്രാസും കൈയില്‍ ധരിച്ച് സാധനങ്ങള്‍ തൂക്കികൊടുത്തുകൊണ്ടിരിക്കുന്ന പുരുഷാകൃതിയിലും, വൃശ്ചികം തേളിന്റെ ആകൃതിയിലും, ധനു അരയ്ക്കു താഴെ കുതിരയുടെയും മുകളില്‍ പുരുഷന്റെ ആകൃതിയിലുമുള്ള രൂപം അമ്പും വില്ലും ധരിച്ച് നില്ക്കുന്ന ആകൃതിയിലും, മകരം മാനിന്റെ മുഖവും മുതലയുടെ ദേഹവും ചേര്‍ന്നതുപോലെയുള്ള ആകൃതിയിലും, കുംഭം കുടം ചുമലില്‍വച്ച് നില്ക്കുന്ന പുരുഷാകൃതിയിലും, മീനം വാലും തലയും അന്യോന്യം ബന്ധിച്ച് വട്ടത്തില്‍ നില്ക്കുന്ന രണ്ടു മത്സ്യങ്ങളുടെ ആകൃതിയിലുമാണു ദൃശ്യമാകുന്നത്.
ചാന്ദ്രമാസവും കൂറുകളും
ചന്ദ്രന് ഭൂമിയുടെ ഏറ്റവും അടുത്തുനില്ക്കുന്ന ഗ്രഹമായതിനാല്‍ ചന്ദ്രന് ഒരു രാശി കടക്കുന്ന സമയം കൊണ്ട് ജ്യോതിചക്രം രണ്ടേകാല്‍ പ്രാവിശ്യം ചുറ്റുന്നു. ഇതനുസരിച്ച് ചന്ദ്രന് ഒരു രാശി കടക്കുന്നതിനു രണ്ടേകാല്‍ ദിവസമാണ് വേണ്ടത്. നക്ഷത്രങ്ങളെ ആശ്രയിച്ചാണു ചന്ദ്രന് ജ്യോതിചക്രത്തില്‍ കറങ്ങുന്നത്. മേടം മുതല്‍ മീനം വരെയുള്ള പന്ത്രണ്ടു രാശികളിലായിട്ടാണ് അശ്വതി മുതല്‍ രേവതിവരെയുള്ള ഇരുപത്തേഴു നക്ഷത്രങ്ങളും അടങ്ങിയിരിക്കുന്നത്. ഈ കണക്കനുസരിച്ച് ഒരു രാശിയില്‍ രണ്ടേകാല്‍ നക്ഷത്രം വീതമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അറുപതുനാഴിക വീതമുള്ള നക്ഷത്രങ്ങളില്‍ രണ്ടേകാല്‍ നക്ഷത്രം അല്ലെങ്കില്‍ ഒരു നക്ഷത്രത്തിന്റെ കാല്‍ഭാഗമായ പതിനഞ്ചുനാഴിക വീതമുള്ള നക്ഷത്രങ്ങളില്‍ രണ്ടേകാല്‍ അല്ലെങ്കില്‍ ഒരു നക്ഷത്രത്തിന്റെ കാല്‍ഭാഗമായ പതിനഞ്ചുനാഴിക വീതമുള്ള നാല് കാലുകള്‍ അടങ്ങിയ ഒന്‍പതു നക്ഷത്രക്കാല് സമയമാണ് ചന്ദ്രന് ഒരു രാശിയില്‍നിന്ന് അടുത്ത രാശിയിലേക്ക് കടക്കുന്നതിനു വേണ്ടിവരുന്നതെന്നാണു കണക്ക്. ഇപ്രകാരം ഇരുപത്തേഴുദിവസംകൊണ്ട് നൂറ്റിയെട്ട് നക്ഷത്ര പാദങ്ങളടങ്ങിയ കാലചക്രത്തെ ചന്ദ്രന് ഒരുപ്രാവശ്യം ചുറ്റുന്നു. ഇതിനെയാണ് ഒരു ചന്ദ്രമാസമെന്നു പറയുന്നത്. ഇങ്ങനെ ചുറ്റിക്കൊണ്ടിരിക്കുന്ന ചന്ദ്രന് മേടം രാശിയുടെ ഉദയം മുതല്‍ ഒന്‍പതു നക്ഷത്ര പാദങ്ങളടങ്ങിയ മേല്‍പ്പറഞ്ഞ രാശിയുടെ നാലാംപാദം വരെ സഞ്ചരിക്കുന്ന സമയത്തിനു ആശ്വതിയെന്നും, എട്ടുഭാഗംവരെ സഞ്ചരിക്കുന്ന സമയത്തിനു ഭരണിയെന്നും. മേടം രാശിയുടെ ഒടുവിലത്തെ പാദമായ ഒന്‍പതാമത്തെ പാദം മുതല്‍ ഇടവം രാശിയുടെ മൂന്നാമത്തെ പാദംവരെ സഞ്ചരിക്കുന്ന സമയത്തിനു കാര്‍ത്തികയെന്നും, ക്രമേണ പറഞ്ഞുവരുന്നു. അതായതു കാലച്ചക്രത്തില്കൂടി ചുറ്റികറങ്ങുന്ന ചന്ദ്രന് അതില്‍ സ്ഥിരമായി നില്ക്കുന്ന അശ്വതി തുടങ്ങിയുള്ള ഇരുപത്തേഴ് നക്ഷത്രങ്ങളില്‍ ഏതിന്റെ നേരേ വരുന്നുവോ ആ ദിവസം ആ നക്ഷത്രത്തിന്റെ പേരുകൊണ്ടും ഏതു രാശിയുടെ നേര്‍ക്കുവരെ വരുന്നുവോ ആ കൂറ് ചന്ദ്രന് നില്ക്കുന്ന രാശിയുടെ പേരുകൊണ്ടും അറിയപ്പെടുന്നു.