കട്ടില് നിര്‍മ്മിക്കുമ്പോള്‍ ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ആചാര്യന്മാര് പറയുന്നു. യശസ്സ്, ശത്രുനാശം, ധനപുഷ്ടി എന്നിവയിലെല്ലാം കട്ടിലിന് വലിയ പങ്കുണ്ട് എന്നതാണ് ഇതിന് കാരണം.
ഇടിമിന്നല്‍,കാറ്റ്, വര്‍ഷപാതം, ജലപ്രവാഹം, ആന കുത്തിയത്, ചിതലരിച്ചത് ഇവ മൂലം പതിച്ച മരം കട്ടില് നിര്‍മ്മിക്കാന്‍ ഉപയോഗിക്കരുതെന്നണ് പറയാറ്. തേനീച്ച,പക്ഷികള്‍ എന്നിവ കൂടുകൂട്ടിയിരിക്കുന്നവയും ഉണങ്ങി വരണ്ടവയും വള്ളിപ്പര്പ്പുകളോടു കൂടിയതും വര്‍ജ്ജിക്കണമെന്നും ആചാര്യന്മാര് പറയുന്നു. ഒറ്റമരം കൊണ്ടുള്ള കട്ടില് ധന്യം, രണ്ടു മരം കൊണ്ടുള്ളത് ധന്യതരം, മൂന്നു മരം കൊണ്ടുള്ളത് സന്താനപുഷ്ടികരം,നാലു മരം കൊണ്ടുള്ളത് കീര്ത്തികരം, അഞ്ചു കൊണ്ടുണ്ടാക്കിയത് മരണപ്രദം. ആറോ അതില്‍ കൂടുതലോ മരങ്ങള്‍ കൊണ്ടുള്ള കട്ടില് വംശനാശകരമാണ്.
വേങ്ങ,തോടുകാര, മരമഞ്ഞള്‍,ചന്ദനം, മരുത്, പനച്ചി,കുമ്പിള്,അഞ്ജനം, പതിമുഖം,തേക്ക്, ഇരുമുള്ള് ഇവ കട്ടില് നിര്‍മ്മാണത്തിന് ഉത്തമമാണ്. ചില വ്യക്ഷങ്ങള്‍ തമ്മില്‍ തമ്മില്‍ ചേരുന്നത് അശുഭമെന്നും പറയാറുണ്ട്. ചിലത് തമ്മില്‍ ചേര്‍ക്കുകയുമാകാം. ചന്ദനം കൊണ്ടുള്ള കട്ടില് പ്രതാപ സൂചകം മാത്രമല്ല ധര്‍മ്മം, യശസ്സ്, ശത്രുനാശം, ധനപുഷ്ടി എന്നിവയ്ക്കു കാരണമാകുമെന്നാണ് വിശ്വാസം. മരുതും തേക്കും മംഗളപ്രദമാണ്. കുമ്പിള്,പനച്ചി എന്നിവ കൊണ്ടുള്ള കട്ടില് ധനവും വേങ്ങ ആരോഗ്യവും പ്രദാനം ചെയ്യുന്നുവെന്നാണ് വിശ്വാസം.