കാര്യസിദ്ധിക്കും തടസങ്ങള്‍ നീങ്ങുന്നതിനും മറ്റും ആചാര്യന്മാര് യന്ത്രധാരണം ജാതകനോട് നിര്‍ദേശിക്കാറുമുണ്ട്. തന്ത്രശാസ്ത്രത്തില്‍ അനേകം ദേവതസങ്കല്പങ്ങള് ഉള്ള പോലെ അനേകം യന്ത്രവിധികളുമുണ്ട്. ഗ്രഹനില, ദശാകാലം, ഗോചാരഫലങ്ങള് തുടങ്ങിയവ കണക്കിലെടുത്തു വേണം യന്ത്രം നിര്‍ണ്ണയിക്കാന്‍. എന്നാല്‍, യാത്രധാരണം എത്രമാത്രം ഫലപ്രദമാകും എന്നതാണ് പ്രധാനം.
യന്ത്രം തയാറാക്കുന്ന രീതി വിധിപ്രകാരവും കുറ്റമറ്റതുമായിരുന്നാല് മാത്രമേ ഫലപ്രാപ്തി ഉണ്ടാകൂ. ചെമ്പുതകിട്, വെള്ളിത്തകിട്, സ്വര്ണ്ണത്തകിട് എന്നിവയില്‍ തയ്യാര്‍ ചെയ്യുന്ന യന്ത്രങ്ങളില്‍ ഫലദാനശക്തി കൂടുതല്‍ സ്വര്‍ണ്ണത്തകിടിനും അതിലും കുറവ് വെള്ളിത്തകിടിനും അതിലും കുറവ് ചെമ്പുതകിടിനുമായിരിക്കും എന്നാണ് വിശ്വാസം. എന്നാല്‍, ചില യന്ത്രങ്ങള്‍ ചില ലോഹത്തില്‍ തന്നെ തയാറാക്കുന്നത് ഉത്തമമെന്ന് വിധിയുണ്ട്.
അഘോരം, സുദര്‍ശനം, ബഗളാമുഖി എന്നിങ്ങനെ നിരവധി യന്ത്രങ്ങള്‍ ശത്രുദോഷത്തിന് ധരിക്കാറുണ്ട്. ജാതകത്തിലോ പ്രശ്നത്തിലോ ശത്രു ബാധയെ സൂചിപ്പിക്കുന്നത് ചൊവ്വയാണെങ്കില്‍ ബഗളാമുഖി യന്ത്രം തന്നെയാവും ഫലപ്രദമെന്നും വിശ്വാസം. സൂര്യനോ ശനിയോ ശത്രുബാധയെ സൂചിപ്പിച്ചാല്‍ അഘോരം ഉത്തമം.
വിധി പ്രകാരം തയാറാക്കിയ യന്ത്രം ധരിക്കുംമുമ്പ് ആചാര്യനിര്ദേശം പാലിച്ചിരിക്കണം എന്നതും പരമപ്രധാനം.
ജാതകനെ ഒരു ബാധാഗ്രഹം ബാധിച്ചിരുന്നാല് ആ മുര്‍ത്തിയെ ആവാഹിച്ച് വിധിപ്രകാരം ബലി പൂജാദികള്‍ നല്കി പറഞ്ഞയച്ച് കലശാഭിഷേകം നടത്തി ജാതകനെ ശുദ്ധനാക്കിയ ശേഷം യന്ത്രം ധരിപ്പിക്കാനെന്നും ആചാര്യന്മാര് പറയുന്നു. ഗൃഹത്തിലും മറ്റും യന്ത്രം സ്ഥാപിക്കും മുന്‍പ് സ്ഥലശുദ്ധി ചെയ്യണമെന്നും ആചാര്യനിര്ദേശം. യന്ത്രം എന്തിന് ധരിക്കുന്നുവെന്ന കാര്യം രഹസ്യമായിരിക്കണമെന്നും വിശ്വാസം.