മിഥുന സംക്രാന്തി കിഴക്കന്‍ ഇന്ത്യയില്‍ ആശാര്ഹ് എന്നും തെക്കന്‍ ഇന്ത്യയില്‍ ആണി എന്നും കേരളത്തില്‍ മിഥുനം ഒന്ന് എന്നും അറിയപ്പെടുന്നു. വൃഷഭ രാശിയില്‍ നിന്ന് മിഥുനരാശിയിലേക്കുള്ള സൂര്യന്റെ സഞ്ചാരമാണ് ഈ ദിവസം. ജ്യോതിഷ പ്രകാരം സൂര്യന്റെ ഈ മാറ്റം വളരെ പ്രധാനമായി കരുതപ്പെടുന്നതിനാല്‍ ഈ ദിവസത്തില്‍ പ്രത്യേക പൂജകളൊക്കെ നടത്തുന്നു.
ഒഡിഷയില്‍ ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണ്. അവിടെ രാജ പര്ഭ എന്ന് വിളിക്കുന്ന ഈ ഉത്സവം പ്രസിദ്ധമാണ്. നാലു ദിവസത്തെ ഈ ഉത്സവത്തില്‍ ഭക്തര്‍ മഴയുടെ വരവ് വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയും അത് ആഘോഷമാക്കുകയും ചെയ്യുന്നു. വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ ഈ ദിവസം ഭംഗിയായി ആഭരണങ്ങള്‍ ധരിക്കുകയും വിവാഹിതരായ സ്ത്രീകള്‍ അവരുടെ വീട്ടുജോലികളില്‍ നിന്നും മാറി വിശ്രമം എടുത്ത് പലതരം കളികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. ആ സംസ്ഥാനത്തെ പ്രശസ്തമായ നാടന്‍പാട്ടായ രാജ ഗീത ആലപിക്കുന്നത് ഐശ്വര്യകാരമായി അവര്‍ കരുതുന്നു. സ്ത്രീകളും പുരുഷന്മാരും പാട്ടുപാടിയും നൃത്തം ചെയ്തും മഴയെ വരവേല്‍ക്കുന്നു.
ഈ ദിവസത്തെ പ്രധാന ചടങ്ങുകള്‍
ഈ ദിവസം ഭഗവാന് വിഷ്ണുവിനെയും ഭൂമി ദേവിയേയും പൂജിച്ചാല്‍ ഐശ്വര്യം വന്നുചേരുമെന്നാണ് വിശ്വാസം. ഒഡീഷയിലെ ആളുകള്‍ പരമ്പരാഗതമായ വസ്ത്രങ്ങള്‍ ധരിച്ച് ഭൂമി ദേവിയെ സൂചിപ്പിക്കുന്ന അമ്മിക്കല്ലില്‍ പ്രത്യേക പൂജകള്‍ ചെയ്യാറുണ്ട്. ആ കല്ല് അവര്‍ പൂക്കള്‍കൊണ്ടും സിന്ദൂരം കൊണ്ടും അലങ്കരിക്കുന്നു. എങ്ങനെയാണോ ഭൂമി മഴയെ സ്വീകരിക്കാന്‍ നില്‍ക്കുന്നത് അതുപോലെ പെണ്‍കുട്ടികള്‍ വിവാഹത്തെ സ്വീകരിക്കാന്‍ നില്‍ക്കണം എന്നാണ് അവരുടെ വിശ്വാസം.
വസ്ത്രങ്ങള്‍ ദാനം ചെയ്യുവാനും പിതൃദര്‍പ്പണം നടത്തുവാനും ഈ ദിനം ഉത്തമമാണ്. കൂടെയുള്ളവര്‍ക്ക് മധുര പലഹാരങ്ങള്‍ നല്കി സന്തോഷം പങ്കുവയ്ക്കുന്ന ഒരു ചടങ്ങുണ്ട്. കൂടാതെ അന്നേ ദിനം അരിയാഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കിയാല്‍ ഉത്തമമാണെന്നും, ഫലസിദ്ധി കൂടുമെന്നുമാണ് വിശ്വാസം.
സൂര്യ ദേവനെ സന്തോഷിപ്പിക്കുവാനായി അന്നേ ദിനം വിശ്വാസികള്‍ ഉപവാസമിരിക്കാറുണ്ട്. അങ്ങനെ വരും ദിനങ്ങള്‍ സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കണം എന്ന പ്രാര്‍ത്ഥനയോടെ ആ ദിനം കഴിഞ്ഞുകൂടും. ജീവിതത്തില്‍ ശാന്തിയും സമാധാനവും നിറയാനും ഈ ദിനത്തിലെ പ്രാര്‍ത്ഥനകള്‍ സഹായിക്കുമെന്നാണ് വിശ്വാസം. ഒഡിഷയിലെ ജഗന്നാഥ ക്ഷേത്രം അന്നേ ദിവസത്തെ പൂജക്ക് പ്രധാനമാണ്. ദേവനെയും പത്നി ഭൂദേവിയെയും പ്രാര്‍ത്ഥിക്കുവാന്‍ അന്ന് ഭക്തരുടെ തിരക്ക് ആണ്.