കാണുവാന്‍ ഏറെ ഭംഗിയുള്ളതിനാലും ഐശ്വര്യം തോന്നിക്കുന്നതിനാലും ഏവര്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ് സ്വര്‍ണ്ണപാദസരങ്ങള്‍. കാലിന്റെ അഴക് വര്‍ദ്ധിക്കുവാന്‍ സ്വര്‍ണ്ണപാദസരങ്ങള്‍ ഉത്തമമാണെന്നാണ് വെപ്പ്. എന്നാല്‍, പണ്ടു കാലത്തുള്ളവരുടെ അഭിപ്രായപ്രകാരം ഇത് ഐശ്വര്യക്കേടാണെന്ന് പറയുന്നു. കാരണം, സ്വര്‍ണാഭരണങ്ങളെ കണക്കാക്കുന്നത് സമ്പത്തിന്റെ ദേവിയായ മഹാലക്ഷ്മിയായിട്ടാണ്. അത് കാലിലണിയുന്നത് ലക്ഷ്മിയെ നിന്ദിക്കുന്നതു പോലെയെന്നും അവര്‍ പറയുന്നു.
അതുപോലെതന്നെ സ്വര്‍ണ്ണം വെള്ളി ആഭരണങ്ങള്‍ അണിയേണ്ട സ്ഥലം കൃത്യമായി അവര്‍ പറയുന്നുമുണ്ട്. അരയ്ക്കു താഴെയുള്ള ഭാഗങ്ങളില്‍ വെള്ളിയും, മേലെയുള്ള ഭാഗത്ത് സ്വര്‍ണ്ണവുമാണ് പഴമക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള രീതി. നമുക്ക് ചുറ്റുമുള്ള പ്രപഞ്ച ശക്തിയെ നമ്മിലേക്ക് ആകര്‍ഷിക്കുവാന്‍ സ്വര്‍ണ്ണത്തിനും വെള്ളിക്കും സാധിക്കുമെങ്കിലും സ്വര്‍ണ്ണം ലക്ഷ്മി ദേവിയേയും, വെള്ളി ശുക്രനെയും പ്രതിനിധാനം ചെയ്യുന്നതായി പറയുന്നു. അതിനാല്‍ ശുക്രന്റെ ശക്തി അരയ്ക്കു മുകളിലേക്കും ലക്ഷ്മിയുടെ ഐശ്വര്യം അരയ്ക്കുതാഴേക്കും വരുന്നതിലൂടെ പ്രത്യേകഫലങ്ങള്‍ ഒന്നും തന്നെ കിട്ടില്ലെന്നും പറയുന്നു. എന്നാല്‍, യഥാസ്ഥാനങ്ങളില്‍ അവ ധരിച്ചാല്‍ ആരോഗ്യദായകവുമാണെന്നാണ് ആചാര്യന്മാര് പറയുന്നത്.
സ്വര്‍ണ്ണത്തിനു പകരം വെള്ളി കാലില്‍ അണിയുമ്പോള്‍ ധാരാളം ഫലങ്ങളുണ്ടെന്നു പറയുന്നു. ഇതു ശരീരത്തിലെ രക്തയോട്ടം കൂട്ടുവാനും ഐശ്വര്യപൂര്‍ണ്ണമായ ഊര്‍ജ്ജത്തെ ശരീരത്തിലേക്കു കടത്തിവിട്ട് ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുവാനും ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ മാറുവാനും സഹായിക്കുന്നതായാണ് വിശ്വാസം.