ഹൈന്ദവ വിശ്വാസമനുസരിച്ച് അരഞ്ഞാണ ധാരണം അഥവാ നൂല്കെട്ടിന് സവിശേഷമായ പ്രാധാന്യമുണ്ട്. സാധാരണയായി ഹൈന്ദവ കുടുംബങ്ങളില്‍ പൊതുവെ കാണപ്പെടുന്ന ആചാരമായി അരഞ്ഞാണ ധാരണത്തെ കണക്കാക്കാം. 28 കെട്ട് എന്ന പേരിലും ഈ ചടങ്ങ് അറിയപ്പെടുന്നു.
ശുഭമുഹൂര്‍ത്തം നിശ്ചയിച്ച് ശിശുവിന്റെ ജനന നക്ഷത്രസ്ഥിതികൂടി കണക്കിലെടുത്ത് 28,38,39 തീയതികളില്‍ ചടങ്ങ് നടത്തുന്നത് ഉത്തമം എന്നാണ് ആചാര്യന്മാരുടെ അഭിപ്രായം. ജന്മനക്ഷത്രം, മേടം, മകരം, തുലാം രാശികള്‍, ചിത്തിര, വിശാഖം, തൃക്കേട്ട, പൂരം, പൂരാടം, അശ്വതി, ഭരണി, കാര്‍ത്തിക, ആയില്യം, പുരൂരുട്ടാതി എന്നീ നാളുകള്‍ ചൊവ്വയുടെ അനിഷ്ടഭാവം എന്നിവ ഈ കര്മ്മത്തിന് ശുഭകരമല്ല എന്നും വിശ്വാസമുണ്ട്.
കൈതയോലയില്‍ നിന്നും വേര്പിരിച്ചെടുക്കുന്ന ചരട് മഞ്ഞപുരട്ടി മംഗളകരമാക്കിയും, കറുത്ത ചരടു കൊണ്ട് ശിശുവിന്റെ അരയില്‍ ബന്ധിക്കുന്നതാണ് ചടങ്ങിലെ പ്രധാന ഘട്ടം. കറുത്ത ചരടില്‍ വിഷ്ണുഭഗവാന്റെ ആയുധങ്ങളായ ശംഖ്, ചക്രം, ഗദ, ശാര്‍ങ്ഗം, ഖഡ്ഗം എന്നിവയുടെ പ്രതിരൂപങ്ങള്‍, പഞ്ചലോഹ വളയങ്ങള്‍ എന്നിവ കോര്‍ത്തിടുന്ന രീതിയും പതിവുണ്ട്. അതിനുശേഷം മാത്രമേ കുഞ്ഞിനെ സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള മറ്റാഭരണങ്ങള്‍ അരഞ്ഞാണം ഉള്‍പ്പെടെ ധരിപ്പിക്കാന്‍ പാടുള്ളൂ എന്നാണ് വിശ്വാസം.
അതോടൊപ്പം പാല്ക്കായം, വയമ്പ് തുടങ്ങിയ മരുന്നുകള്‍ ഉരച്ചെടുത്ത് ശിശുവിന്റെ നാവില്‍ ഇറ്റിക്കുകയും കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളോ മാതാവോ പേര് ചെവിയില്‍ ചൊല്ലി വിളിച്ച് കുഞ്ഞിനെ കൈയിലെടുക്കുകയും ചെയ്യുന്നു. നീചനക്ഷത്രത്തില് ഈ കര്‍മ്മം നടത്തിയാല്‍ കുപ്രസിദ്ധി നേടുമെന്നും വിശ്വാസമുണ്ട്.