‘ഗജകേസരിയോഗം’. കേട്ടാലേ അറിയാം വിശേഷമായ ഒരു ഭാഗ്യസിദ്ധിയാണെന്ന്. ഗജം-ആന. കേസരി-സിംഹം. ആനയും സിംഹവും ഒന്നിച്ചാല്‍ നല്ല യോഗം എന്നാണോ അര്‍ഥം. യോഗത്തിന്റെ പൊരുള്‍ അറിയണമെങ്കില്‍ ആന്തരീകാര്‍ഥത്തില്‍ വ്യാഖ്യാനിക്കണം. മനസ്സിനെ വിശേഷബുദ്ധി കൊണ്ട് കീഴ്പ്പെടുത്തി വിജയം കൈവരിക്കാന്‍ പ്രാപ്തി ഉള്ള ആള് എന്നതാണ് ജാതകവശാല്‍ ഗജകേസരിയോഗത്തിന്റെ പൂര്‍ണാര്‍ഥം.
ആനയും സിംഹവും
ഗജകേസരിയോഗത്തില്‍ പറയുന്ന ആനയും സിംഹവും എവിടെനിന്നും വന്നു. രണ്ടു ശബ്ദങ്ങളും ആന്തരീകാര്ഥങ്ങളാണ്.
ആന എന്നാല്‍ മനസ്. മനസ് ആനയെപ്പോലെയാണ്. മനസിന്റെ വലിപ്പം ആര്‍ക്കും അളക്കാന്‍ കഴിയില്ല. അതുപോലെ അതിന്റെ ചാപല്യവും. വലിപ്പം ഉണ്ടെങ്കിലും ഏകാഗ്രതയില്ല. എന്നാല്‍, സിംഹം ആനയെ അപേക്ഷിച്ച് ചെറുതാണ്. എന്നാല്‍, ബുദ്ധിയും ശക്തിയും ഏകോപിപ്പിക്കാനും ഏകാഗ്രമാക്കാനും ഉള്ള വൈദഗ്ധ്യം അതിനുണ്ട്. ആനയുടെ അത്ര ശക്തിയോ വലിപ്പമോ ഇല്ലാഞ്ഞിട്ടും സിംഹത്തിന് ആനയെ വധിക്കാന്‍ പറ്റുന്നത് ഏകാഗ്രത കൊണ്ടും സാധന കൊണ്ടും ആണ്.
സിംഹം ആനയെ കീഴ്പ്പെടുത്തുന്നതു പോലെ മനസിനെ ബുദ്ധികൊണ്ട് കീഴ്പ്പെടുത്താനായാല്‍ വിജയം നിശ്ചയം എന്നതാണ് ഗജകേസരി യോഗത്തിന്റെ അര്‍ത്ഥം.
ചന്ദ്രനും വ്യാഴവും
മനസിന്റെ കാരകനാണ് ചന്ദ്രന്. വിശേഷബുദ്ധിയുടെ കാരകന്‍ വ്യാഴമാണ്. വ്യാഴത്തിനെ ദൈവാധീനം എന്നും പറയാറുണ്ട്. ദൈവാധീനം ധന്വന്തരി മൂര്‍ത്തിയാണ്. ധന്വന്തരിയാകട്ടെ വിഷ്ണുവും. ജ്യോതിഷത്തില്‍ വിഷ്ണുവാണ് വ്യാഴം.
ശരീരത്തിന്റെ ഒരുവിധം പ്രവര്‍ത്തനങ്ങളെ എല്ലാം നിയന്ത്രിക്കുന്നത് വ്യാഴമാണ്. വ്യാഴം ബലവാനാണെങ്കില്‍ ശാരീരികമായ കുഴപ്പങ്ങള്‍ ഉണ്ടാവില്ല എന്നാണ് അനുമാനം.