ഗൃഹനിര്മ്മാണത്തിലേക്ക് ഇറങ്ങുമ്പോള്‍ പലകാര്യങ്ങളിലും ശ്രദ്ധ വേണമെന്നാണ് ആചാര്യന്മാര് പറയുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ നമുക്ക് വന്നുഭവിക്കുന്ന ദോഷങ്ങള്‍ തിരിച്ചറിയുകയും അതിന് പരിഹാരം ചെയ്യുകയും വേണം.
ഗൃഹനിര്മ്മാണരംഗത്തുള്ള പ്രധാന നക്ഷത്ര ദോഷങ്ങളാണ് ഉഷ്ണം ,വിഷം, ഗണാന്തീ എന്നിവ. രോഹിണി, പുണര്‍തം, അശ്വതി ,മകം, അത്തം നക്ഷത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴര നാഴികയ്ക്ക് ശേഷമുള്ള ഏഴരനാഴിക. ഭരണി, പൂയം, പൂരം, മകയിരം,ചിത്തിര നക്ഷത്രങ്ങള്‍ക്ക് ആദ്യത്തെ 55 നാഴികയ്ക്ക് ശേഷമുള്ള 5 നാഴിക. വിശാഖം, മൂലം ,തിരുവോണം, പുരൂരുട്ടാതി നക്ഷത്രങ്ങള്‍ക്ക് ആദ്യത്തെ 8 നാഴിക സമയം. ഉത്രം, ചോതി,ആയില്യം, തിരുവാതിര ,കാര്‍ത്തിക നക്ഷത്രങ്ങള്‍ക്ക് ആദ്യത്തെ 21 നാഴികയ്ക്ക് ശേഷമുള്ള 9 നാഴിക. അവിട്ടം ,അനിഴം, ഉത്രട്ടാതി ,പൂരാടം നക്ഷത്രങ്ങള്‍ക്ക് അവസാനത്തെ 8 നാഴിക. തൃക്കേട്ട, ഉത്രാടം, രേവതി,ചതയം എന്നീ നക്ഷത്രങ്ങള്‍ക്ക് ആദ്യത്തെ 20 നാഴികയ്ക്ക്
ശേഷമുള്ള 10 നാഴിക സമയവും ഉഷ്ണദോഷമുള്ള സമയമാണ്.
ഞായര്‍ -മകം, തിങ്കള്‍-വിശാഖം, ചൊവ്വ-തിരുവാതിര ,ബുധന്‍-മൂലം, വ്യാഴം-ചതയം, വെള്ളി -രോഹിണി, ശനി-ഉത്രാടം എന്നീ ആഴ്ചകളും നക്ഷത്രങ്ങളും ഒത്തുവരുന്നത് മൃത്യുയോഗമാണ്. മൂലം,അശ്വതി,മകം എന്നീ നക്ഷത്രങ്ങളുടെ ആദ്യ 15 നാഴികയും ആയില്യം, രേവതി,തൃക്കേട്ട നക്ഷത്രങ്ങളുടെ അവസാനത്തെ 15 നാഴിക സമയവുമാണ് ഗൃഹനിര്‍മ്മാണത്തില്‍ ഗണ്ഡാന്ത ദോഷമുള്ളത് .
തിഥികള്‍ക്കും ദോഷമുണ്ട്. പ്രതിപദം മുതല്‍ നരു,ഭദ്ര,ജയ,രിക്ത,പൂര്‍ണ്ണ എന്നീ പേരുകളിലാണ് തിഥികള്‍ അറിയപ്പെടുന്നത്. ഇതില്‍ രിക്തകളായ രണ്ട് പക്ഷങ്ങളിലെയും ചതുര്‍ത്ഥി നവമി ,ചതുര്ദശി എന്നി തിഥികള്‍ ദോഷമാണ്. എന്നാല്‍ പൂര്ണ്ണകളായ പഞ്ചമി, ദശമി, പഞ്ചദശി എന്നിവ ഉത്തമമാണ്. വിഷ്ടികരണവും കൃഷ്ണപക്ഷം ഉത്തരാര്‍ദ്ധം മുതലുള്ള പുള്ള് ,നാല്ക്കാലി, പാമ്പ്, പുഴു എന്നീ കരണങ്ങളും ഗൃഹ നിര്‍മ്മാണത്തിന് ദോഷമായതിനാല്‍ ഉപേക്ഷിക്കണമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
പാപഗ്രഹങ്ങളുടേതായ ഞായര്‍,ചൊവ്വ, ശനി എന്നിവ ദോഷമുള്ളതാണ്. ഞായര്‍-ദ്വാദശി, തിങ്കള്‍-ഏകാദശി ,ചൊവ്വ-പഞ്ചമി, ബുധന്‍-ദ്വിതീയ, വ്യാഴം-ഷഷ്ഠി ,വെള്ളി-അഷ്ടമി, ശനി-നവമി എന്നീ ആഴ്ചകളും തിഥിയും ഒത്തുവരുന്നത് ഗൃഹത്തിന് ദോഷമാണ്.