ഇന്ന് ഏകാദശി. വിഷ്ണുപ്രീതിക്കായി ഭക്തര്‍ ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നു. വൃശ്ചികമാസത്തിലെ ഏകാദശി ഗുരുവായൂര്‍ ഏകാദശികൂടിയാണ്. ക്ഷേത്രനട ഇന്ന് അടയ്ക്കില്ല. എല്ലാ വഴികളും ഗുരുവായൂരിലേക്കാണ്.ഏകാദശികളില്‍ ഏറ്റവും വിശിഷ്ടം എന്നാണ് ഗുരുവായൂര്‍ ഏകാദശിയെ വിശേഷിപ്പിക്കുന്നത്.
ഗുരുവായൂരിലെ പ്രതിഷ്ഠാദിനമാണ് ഏകാദശിയായി ആഘോഷിക്കുന്നത്. അതിനാല്‍ തന്നെ ഏകാദശിയുമായി ബന്ധപ്പെട്ട ഐതീഹ്യവും പ്രസിദ്ധമാണ്. ഗുരുവായൂരില്‍ വിഗ്രഹപ്രതിഷ്ഠ നടന്നത് 5110 ന് മുമ്പ് മാര്‍ഗ്ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷത്തില്‍ വരുന്ന ഉല്‍പ്പന്ന ഏകാദശി നാളിലായിരുന്നു എന്നാണ് ഐതീഹ്യം. ഇത് പിന്നീട് ഗുരുവായൂര്‍ എകാദശി എന്ന് പ്രസിദ്ധമാകുകയായിരുന്നു.
ഗുരുവും വായുവും ചേര്‍ന്ന് ഗുരുവായൂരില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതുകൊണ്ടാണ് ഏകാദശിയെ ഗുരുവായൂര്‍ പ്രതിഷ്ഠാദിനമായി കണക്കാക്കുന്നത്. ശ്രീകൃഷ്ണന് അര്ജുനന് ഗീതോപദേശം നടത്തിയ ദിവസമാണ് ഏകാദശിയെന്നും വിശ്വാസം. അതിനാല്‍ ഗുരുവായൂര്‍ ഏകാദശിദിവസം ഗീതാദിനം കൂടിയാണ്.
ഏകാദശി ദിവസം ഗുരുവായൂരിലേക്ക് ഭക്തജനപ്രവാഹമാണ്. ഏകാദശിതൊഴാനും ദശമി വിളക്ക് കണ്ട് പുണ്യം നേടാനും ഗുരുപവനപുരിയിലേക്ക് ലക്ഷോപലക്ഷം ഭക്തരാണ് വന്നെത്തുന്നത്. ഗുരുവായൂര്‍ എകാദശി നാളില്‍ പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണമെന്നാണ് വിശ്വാസം. എകാദശി നാളില്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂര്‍ണ്ണമായ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളില്‍ തുളസീ തീര്‍ത്ഥമോ വെള്ളമോ അന്നാഹാരമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം എന്നും ആചാര്യന്മാര് പറയുന്നു.
ഒരു വര്‍ഷത്തില്‍ 26 ഏകാദശികളുണ്ട്. ഏകാദശി എന്നാല്‍ വാവ് കഴിഞ്ഞു വരുന്ന പതിനൊന്നാം ദിവസമാണ്. ഏകാദശിയുടെ തലേ ദിവസം ദശമി ദിവസം മുതല്‍ വ്രതം തുടങ്ങും. അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവു. ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ഏകാദശി ദിവസം ധാന്യങ്ങള്‍ ഒഴിവാക്കുമ്പോള്‍ പഴങ്ങള്‍ കഴിക്കാം. ക്രമേണ പഴങ്ങള്‍ ഉപേക്ഷിച്ച് വെള്ളം മാത്രം കഴിക്കാം. പിന്നെ വെള്ളവും ഉപേക്ഷിക്കാം എന്നും വിശ്വാസം.