നല്ല ബുദ്ധിമാന്മാരും വിജ്ഞാനകുതുകികളും ധനവാന്മാരും സാഹസികരും വിനയാന്വിതരുമായിരിക്കും മകം നക്ഷത്രക്കാര്‍. സന്ദര്‍ഭത്തിനൊത്ത് പ്രവര്‍ത്തിക്കാനും ഉയരങ്ങള്താണ്ടാനും വലിയ പദവികള്‍ വഹിക്കാനും ഭാഗ്യമുണ്ടാകും. എല്ലാ കാര്യങ്ങളിലും അസാമാന്യമായ കഴിവും ഓര്‍മശക്തിയും പ്രകടിപ്പിക്കും. സാഹസികപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ സ്വന്തം കാര്യംപോലും വിസ്മരിക്കാനും സാധ്യതയുണ്ട്.
തനിക്കു ദ്രോഹം ചെയ്യുന്നവരോട് അവര്‍ ഒരിക്കലും പൊറുക്കാനിടയില്ല. സഹോദരങ്ങളുടെ ഉന്നമനത്തിനായി എല്ലാവിധ സഹായങ്ങളും ചെയ്തു നല്‍കും. സ്വജനബഹുമാനം നേടുമെങ്കിലും നിരവധി ശത്രുക്കള്‍ ഉണ്ടായേക്കാന്‍ ഇടയുണ്ട്. ജന്മസ്ഥലം വിട്ട് മറ്റെവിടെയെങ്കിലും താമസിക്കാനുള്ള സാധ്യതയുമുണ്ടാകാം.
സ്ത്രീകള്‍ക്ക് നല്ല വശ്യതയും സുഭഗതയുമുണ്ടാകും. ഇവര്‍ ഭര്ത്താക്കന്മാര്ക്ക് വശംവദരായിരിക്കും. പുരോഗമനവാദികളെന്ന് തോന്നിപ്പിക്കുമെങ്കിലും തികഞ്ഞ ഈശ്വരവാദികളായിരിക്കും. ചിലര്‍ക്കെങ്കിലും വിവാഹം വൈകിയേക്കും.
സര്‍ക്കാരുദ്യോഗം, പട്ടാളം, ഫാക്ടറി ജോലി, കരാറുജോലി എന്നിവയില്‍ ശോഭിക്കും. ഹൃദ്രോഗം, വൃക്കരോഗം, പുറംവേദന എന്നിവ എളുപ്പത്തില്‍ ബാധിച്ചേക്കാന്‍ ഇടയുണ്ട്.
അഞ്ചുനക്ഷത്രങ്ങള്‍ ചേര്‍ന്ന് നുകംപോലെ കാണപ്പെടുന്ന നക്ഷത്രമാണ് മകം. രാജധാനിയിലെ സിംഹാസനത്തോടു കൂടിയ ഒരു മണ്ഡലമാണ് അടയാളം. അധോമുഖ നക്ഷത്രമായതിനാല്‍ ഗര്‍ത്തങ്ങള്‍ കുഴിക്കുന്നതിനുമറ്റും ഉത്തമമാണ്. യുദ്ധം, ബന്ധനത്തിലാക്കല്, നശിപ്പിക്കല്‍ എന്നിവ നടപ്പാക്കുന്നതിന് ഉത്തമം.
ദേവത-പിതൃക്കള്‍, ഗണം-ആസുരം, യോനി-പുരുഷന്, ഭൂതം-ജലം, മൃഗം-എലി, പക്ഷി-ചെമ്പോത്ത്, വൃക്ഷം- പേരാല്‍.