പൊതുവേ ഉത്സാഹശീലരും പ്രസന്നരും വാക്ചാതുര്യത്താല് മറ്റുള്ളവരുടെ ആദരവു പിടിച്ചുപറ്റുന്നവരുമായിരിക്കും ചിത്തിര നക്ഷത്രക്കാര്‍. സുന്ദരന്മാരും വസ്ത്രഭൂഷണാദികളില് തത്പരരുമായ ഇവര്‍ക്ക് പുഷ്പലതാദികളോട് പ്രത്യേക പ്രതിപത്തിയുണ്ടാകും. നാടകം, സിനിമ അഭിനയം, കച്ചേരി മിമിക്രി മുതലായ കലകള്‍ ഇഷ്ടപ്പെടുന്നവരാകും. വിശിഷ്ടവസ്തുക്കള് ശേഖരിച്ചുവയ്ക്കുന്നതിലും താത്പര്യം പ്രകടിപ്പിക്കും. സ്വദേശത്തേക്കാള്‍ അന്യസ്ഥലങ്ങള് ഇഷ്ടപ്പെടുന്നവരും ഇക്കൂട്ടരിലുണ്ടാകും.
ചിലപ്പോള്‍ പരുഷമായി പെരുമാറാനും വഴക്കടിക്കാനും ദുരാചാരികളായ സ്ത്രീകളുമായി ബന്ധംപുലര്‍ത്താനും പാപകര്‍മങ്ങള്‍ ചെയ്യാനും മടികാണിച്ചെന്നുവരില്ല. ഇവരുടെ മനസ് കണ്ടറിയുകയെന്നത് ബുദ്ധിമുട്ടാണ്. സത്യം മറച്ചുവച്ചു സംസാരിക്കാന്‍ മടിയില്ലാത്ത ഇവര്‍ വാദപ്രതിവാദങ്ങളിലും വിട്ടുവീഴ്ചകാണിക്കില്ല.
സ്ത്രീകള്‍ക്ക് ആഭരണം, അലങ്കാരവസ്തുക്കള്‍, വാസനാകുസുമങ്ങള് എന്നിവകളോട് കമ്പമുണ്ടാകും. അഴകാര്‍ന്ന നയനങ്ങളും അംഗങ്ങളുമായിരിക്കും. ദാമ്പത്യബന്ധത്തില്‍ ചില അപാകതകള്‍ ഉണ്ടായേക്കാന്‍ സാധ്യതയുണ്ട്. ഗര്‍ഭിണികള്‍ പ്രസവസമയത്ത് അതീവ ശ്രദ്ധപുലര്‍ത്തണം.
പോലീസ്, സെയില്സ്മാന്, കരകൗശലം, ഫാക്ടറി ജോലി എന്നീ മേഖലകളില്‍ മികവുപ്രകടിപ്പിക്കും. വിശാഖം, തൃക്കേട്ട, പൂരാടം, കാര്‍ത്തിക, പൂയം നാളുകാരുമായി ഈ നക്ഷത്രക്കാര്‍ക്ക് ഒരിടപാടും നല്ലതല്ല. കുടല്‍സംബന്ധമായ രോഗം, നടുവേദന, വൃക്കരോഗം എന്നിവ എളുപ്പത്തില്‍ പിടിപെട്ടേക്കാം.
ആറുനക്ഷത്രങ്ങള് ചേര്‍ന്ന് ചിരവപോലെ കാണപ്പെടുന്നതാണ് ചിത്തിര നക്ഷത്രം. തിളങ്ങുന്ന രത്നമാണ് അടയാളം. മൃദുനക്ഷത്രമായതിനാല് പല ശുഭകാര്യങ്ങള്‍ക്കും ഉത്തമം. വാസ്തുകര്മങ്ങള്ക്കും ശില്പവേലകള്ക്കും കൃഷിക്കും അനുയോജ്യമാണ് ഈ നക്ഷത്രം. അലങ്കാരങ്ങള്‍ക്കും വാദ്യസംഗീതാദികളുടെ അഭ്യാസം തുടങ്ങുന്നതിനും യോജ്യമാണ്.
ദേവത- ത്വഷ്്ടാവ്, ഗണം- ആസുരം, യോനി- സ്ത്രീ, ഭൂതം- അഗ്നി, മൃഗം- ആള്‍പുലി, പക്ഷി- കാകന്, വൃക്ഷം- കൂവളം.