തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി കുത്തിയോട്ട വ്രതത്തിന് തുടക്കമായി. പതിമൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികളാണ് കുത്തിയോട്ടത്തിനായി വ്രതമെടുക്കുന്നത്. 993 കുട്ടികളാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. മഹിഷാസുര മര്‍ദിനിയുടെ മുറിവേറ്റ ഭടന്മാരായാണ് കുത്തിയോട്ടക്കാരെ കരുതുന്നത്.
ക്ഷേത്രമേല്‍ശാന്തി വാമനന് നമ്പൂതിരിയില്‍ നിന്നു പ്രസാദം വാങ്ങി പള്ളിപ്പലകയില്‍ ഏഴ് വെള്ളിനാണയങ്ങള്െവച്ച് ബാലന്മാര് ദേവിയെ വണങ്ങും. ദേവീഭടന്മാരായ ഇവര്‍ ഇനി ക്ഷേത്രത്തിലാണ് താമസം.ദിവസവും പുലര്‍ച്ചെ നാലരയോടെയാണ് കുത്തിയോട്ട ബാലന്മാരുടെ വ്രതാനുഷ്ഠാനങ്ങള്‍ തുടങ്ങുന്നത്.
ക്ഷേത്രക്കുളത്തില്‍ കുളിച്ച് ഈറനണിഞ്ഞ് ദേവിയെ ഉപാസിച്ച് പ്രദക്ഷിണം നടത്തണം. ഏഴു ദിവസംകൊണ്ട് 1008 തവണ നമസ്കാരം നടത്തി പ്രദക്ഷിണം പൂര്‍ത്തിയാക്കണം. ഒമ്പതാം ദിവസത്തെ പൊങ്കാല നൈവേദ്യം കഴിയുന്നതോടെ കുത്തിയോട്ട ബാലന്മാരുടെ ചൂരല്‍കുത്തും നടക്കും. രാത്രി 11.15 നാണ് മണക്കാട് ശാസ്ത ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത്.